30/10/2025
ഒമാനിലെ ഏറ്റവും വലിയ സംയോജിത 'ഗ്ലാമ്പിങ്' ഹബ് മസ്‌കത്ത് ഗവർണറേറ്റിലെ ഖുറയ്യാത്തിൽ പ്രഖ്യാപിച്ചു. ഹവിയത്ത് നജ്മിലാണ് അര ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സംയോജിത ഗ്ലാമ്പിംഗ് ഹബ് പ്രഖ്യാപിച്ചത്. ഒമാനിലും മേഖലയിലും ഇത്തരത്തിലുള്ള ഏറ്റവും വലുതും ആദ്യത്തേതാണിത്. വിനോദം, വിശ്രമം, ഒമാന്റെ പ്രകൃതിദൃശ്യങ്ങളുടെ ഭംഗി എന്നിവ ചേർത്തൊരുക്കുന്ന വമ്പൻ ടൂറിസം പദ്ധതിയുമാണിത്.
വികസന പദ്ധതിയിൽ ആഡംബര ഗ്ലാമ്പിംഗ് യൂണിറ്റുകൾ, കാരവാൻ ഏരിയകൾ, ഹരിത ഇടങ്ങൾ, സൈക്ലിംഗ് പാതകൾ, നടപ്പാതകൾ, കായിക -വിനോദ മേഖലകൾ, പൊതു സൗകര്യങ്ങൾ തുടങ്ങിയവയുണ്ടാകുമെന്നാണ് പ്രഖ്യാപനം. വികസന പദ്ധതിക്കുള്ള ടെൻഡർ മസ്‌കത്ത് മുനിസിപ്പാലിറ്റി ക്ഷണിച്ചിട്ടുണ്ട്.
പ്രതിദിനം 144 സന്ദർശകരെ വരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഗ്ലാമ്പിംഗ് ഏരിയ. വാട്ടർ റീസൈക്ലിങ്, ഡീസലൈനേഷൻ സ്റ്റേഷൻ, മാലിന്യ പുനരുപയോഗ സംവിധാനങ്ങൾ, പൈതൃക വിവരങ്ങൾ നൽകുന്ന സ്മാർട്ട് ഇൻഫർമേഷൻ സൈനേജുകൾ തുടങ്ങിവയും പദ്ധതിയിൽ ഉൾപ്പെടും. കുട്ടികളുടെ കളിസ്ഥലങ്ങൾ, ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി പരിപാടികൾക്കായുള്ള വേദികൾ എന്നിവയുമുണ്ടാകും.