Internationalmalayalynews

Internationalmalayalynews Internationalmalayaly.com is Qatar's first Malayalam News Portal featuring news, views, features, an
(1)

ഖത്തര്‍ വേദികളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന സിതാര ഷാഫിഅമാനുല്ല വടക്കാങ്ങരചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അവയ...
14/08/2026

ഖത്തര്‍ വേദികളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന സിതാര ഷാഫി

അമാനുല്ല വടക്കാങ്ങര

ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ അവയ്ക്കു പിന്നിലെ സംഗീതസ്‌നേഹം തിരിച്ചറിയാം. പരിശീലനവും അനുഭവവും മാത്രമല്ല, പാട്ടിനെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ഒരാളുടെ ആത്മാര്‍ഥതയും ആ ശബ്ദത്തില്‍ നിറഞ്ഞുനില്‍ക്കും. ഖത്തറിലെ സംഗീതവേദികളില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന സിതാര ഷാഫിയുടെ ആലാപനത്തിനും അത്തരമൊരു പ്രത്യേകതയുണ്ട്.

ഖ്യൂ മെലോഡിയയും ഗ്ലോബല്‍ പ്രവാസി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 'ഷാമെ മെഹ്ഫില്‍' സംഗീതവിരുന്നിലാണ് സിതാരയുടെ ആലാപനം അടുത്തറിയാന്‍ അവസരമുണ്ടായത്. ഗസലിന്റെയും മെഹ്ഫിലിന്റെയും ഭാവസാന്ദ്രമായ അന്തരീക്ഷത്തില്‍ സിതാര അവതരിപ്പിച്ച ഗാനങ്ങള്‍ ശ്രദ്ധേയമായി. ആ പ്രകടനത്തെ തുടര്‍ന്നാണ് ഗായകനും സംഘാടകനുമായ റഊഫ് മലയില്‍ മുഖേന സിതാരയെ ഒരു അഭിമുഖത്തിനായി ഇന്റര്‍നാഷണല്‍ മലയാളി ഓഫീസിലേക്ക് ക്ഷണിച്ചത്.

സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ സിതാരയ്ക്ക് സംഗീതം ഒരു വിനോദമല്ല; കുട്ടിക്കാലം മുതല്‍ ജീവിതത്തോടൊപ്പം വളര്‍ന്ന ഒരു സ്വപ്നമാണെന്ന് മനസ്സിലായി.

പാലക്കാട് ജില്ലയിലെ പട്ടാമ്പിയാണ് സിതാരയുടെ സ്വദേശം. പൊതുപ്രവര്‍ത്തകനായ ചേക്കാമുവിന്റെയും റുഖിയയുടെയും മൂന്നാമത്തെ മകളായി ജനിച്ച സിതാരയുടെ സംഗീതാഭിരുചി വളരെ ചെറുപ്പത്തിലേ പ്രകടമായിരുന്നു.

ബാലവാടിയില്‍ പഠിക്കുന്ന കാലത്തുതന്നെ പാട്ടിനോടുള്ള അവളുടെ താല്‍പര്യം അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. സിതാരയിലെ ഗായികയെ ആദ്യമായി തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും ആ ബാലവാടി ടീച്ചറായിരുന്നു.

ഒരു കുഞ്ഞിന്റെ കഴിവ് തിരിച്ചറിയുന്ന അധ്യാപകന്റെ ഒരു വാക്കോ ചെറിയൊരു പ്രോത്സാഹനമോ ചിലപ്പോള്‍ ഒരു ജീവിതത്തിന്റെ ദിശ തന്നെ നിര്‍ണയിച്ചേക്കാം. സിതാരയുടെ കാര്യത്തിലും അതുതന്നെയായിരുന്നു സംഭവിച്ചത്.

പിന്നീട് പാട്ട് അവളുടെ സ്‌കൂള്‍ജീവിതത്തിന്റെ അവിഭാജ്യഘടകമായി.

ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ കലാമത്സരവേദികളില്‍ സിതാര സജീവമായി. ലളിതഗാനം, മാപ്പിളപ്പാട്ട്, മലയാളം പദ്യം ചൊല്ലല്‍, ഒപ്പനപ്പാട്ട് തുടങ്ങി വിവിധ ഇനങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടി.

ഓരോ മത്സരവും അവളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഓരോ വേദിയും അടുത്ത വേദിയിലേക്കുള്ള പരിശീലനമായി.

സ്‌കൂള്‍ മത്സരങ്ങളില്‍ മാത്രം ഒതുങ്ങിയില്ല സിതാരയുടെ സംഗീതയാത്ര. സംഗീതം കൂടുതല്‍ ഗൗരവത്തോടെ പഠിക്കാനും അവസരം കണ്ടെത്തി. പരിശീലനം ലഭിച്ചതോടെ ശബ്ദത്തിന്റെ സാധ്യതകളും ഗാനങ്ങളുടെ ഭാവതലങ്ങളും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു.

പിന്നീട് നാട്ടിലെ വിവിധ ഗാനമേളവേദികളിലേക്കും സിതാര എത്തി.

സ്റ്റേജിലെ ലൈറ്റുകള്‍ തെളിയുമ്പോള്‍, ഓര്‍ക്കസ്ട്രയുടെ ആദ്യ ഈണം ഉയരുമ്പോള്‍, മുന്നിലിരിക്കുന്ന ശ്രോതാക്കളുടെ പ്രതീക്ഷ നിറഞ്ഞ മുഖങ്ങള്‍ കാണുമ്പോള്‍ ഒരു ഗായിക അനുഭവിക്കുന്ന ആവേശം സിതാരയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്.

അങ്ങനെ സ്‌കൂള്‍ കലോത്സവങ്ങളില്‍ തുടങ്ങിയ സംഗീതയാത്ര പൊതുവേദികളിലേക്ക് വളര്‍ന്നു.

നിരവധി ഗാനമേളകളില്‍ പാടിയ സിതാര ഏതാനും സംഗീത ആല്‍ബങ്ങളിലും തന്റെ ശബ്ദ സാന്നിധ്യം അടയാളപ്പെടുത്തി.

എന്നാല്‍ മനസ്സില്‍ സൂക്ഷിക്കുന്ന വലിയ സ്വപ്നം ഒരു പിന്നണി ഗായികയാവുകയെന്നതാണ്. ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് ഇന്നും സിതാര.

വിവാഹശേഷം ഖത്തറിലെത്തിയതോടെ ജീവിതത്തിന്റെ സാഹചര്യങ്ങള്‍ മാറി.കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തോളമായി ഖത്തര്‍ പ്രവാസിയായ സിതാരയ്ക്ക് ആദ്യകാലങ്ങളില്‍ സംഗീതവേദികളില്‍ നാട്ടിലേതുപോലെ സജീവമാകാന്‍ കഴിഞ്ഞിരുന്നില്ല.
കുടുംബം, പ്രവാസജീവിതം, പുതിയ സാഹചര്യങ്ങള്‍ എന്നിവയൊക്കെ ജീവിതത്തിന്റെ മുന്‍ഗണനകള്‍ മാറ്റിയെങ്കിലും ഉള്ളിലെ പാട്ട് മാഞ്ഞില്ല.
ഒരു യഥാര്‍ത്ഥ സംഗീതപ്രേമിയുടെ മനസ്സില്‍ നിന്ന് പാട്ടിനെ അത്ര എളുപ്പം മാറ്റിനിര്‍ത്താനാകില്ലല്ലോ.
അത് അവസരം കാത്തിരിക്കും.
സിതാരയുടെ ജീവിതത്തിലും അങ്ങനെതന്നെയായിരുന്നു.
കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി ഖത്തറിലെ സംഗീതവേദികളില്‍ സിതാര കൂടുതല്‍ സജീവമാകാന്‍ തുടങ്ങി.

ഒരിക്കല്‍ വേദികളിലേക്ക് തിരിച്ചെത്തിയതോടെ പഴയ ആത്മവിശ്വാസവും സംഗീതാനുഭവവും വീണ്ടും കരുത്തായി.

ഗാനമേളകളുടെ ആഘോഷഭാവമുള്ള പാട്ടുകളും മെഹ്ഫിലിന്റെ ഹൃദയസ്പര്‍ശിയായ ആലാപനങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ശബ്ദമാണ് സിതാരയുടേത്.

ഒരു ഗായികയെ ശ്രദ്ധേയയാക്കുന്നത് ഗാനത്തിന്റെ ആത്മാവിലേക്ക് പ്രവേശിക്കാനും അതിലെ വികാരം ശ്രോതാക്കളിലേക്ക് പകരാനുമുള്ള കഴിവാണ്. അത്തരം ഭാവാവിഷ്‌കാരത്തിനുള്ള സാധ്യത സിതാരയുടെ ആലാപനത്തില്‍ കാണാം.

'ഷാമെ മെഹ്ഫില്‍' അതിന്റെ നല്ലൊരു ഉദാഹരണമായിരുന്നു. അവിടെ പാട്ട് അവതരിപ്പിക്കുകയെന്നതിനപ്പുറം മെഹ്ഫിലിന്റെ അന്തരീക്ഷവുമായി ചേര്‍ന്നുനില്‍ക്കുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സിതാരയ്ക്ക് കഴിഞ്ഞു.

കലാകാരന്മാരുടെ യാത്രയില്‍ കുടുംബത്തിന്റെ പിന്തുണ വളരെ പ്രധാനമാണ്. പ്രത്യേകിച്ച് പ്രവാസജീവിതത്തില്‍ കുടുംബവും ജോലിയും സാമൂഹിക ഉത്തരവാദിത്തങ്ങളും കലാപ്രവര്‍ത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകുക എളുപ്പമല്ല.

സിതാരയുടെ സംഗീതയാത്രയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്നത് ഭര്‍ത്താവ് ഷാഫിയാണ്.

ഖത്തറില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷാഫി, ഭാര്യയുടെ സംഗീതാഭിരുചിയെ മനസ്സിലാക്കി പ്രോത്സാഹിപ്പിക്കുന്നു. വേദികളിലേക്കുള്ള യാത്രയിലും പുതിയ അവസരങ്ങള്‍ സ്വീകരിക്കുന്നതിലും ആ പിന്തുണ സിതാരയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു.

മുഹമ്മദ് ഷാമിലും അറിന്‍ മുഹമ്മദുമാണ് ഇവരുടെ മക്കള്‍.

കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനൊപ്പം സംഗീതത്തോടുള്ള ബന്ധവും നിലനിര്‍ത്താനാകുന്നത് സിതാരയുടെ യാത്രയെ കൂടുതല്‍ മനോഹരമാക്കുന്നു.

ഇത്രയും കാലത്തെ സംഗീതയാത്രയെക്കുറിച്ച് സംസാരിക്കുമ്പോഴും സിതാരയുടെ വാക്കുകളില്‍ ഒരു തുടക്കക്കാരിയുടെ ആവേശമുണ്ട്. ഇനിയും പഠിക്കണം.കൂടുതല്‍ നല്ല ഗാനങ്ങള്‍ പാടണം. മികച്ച വേദികളുടെ ഭാഗമാകണം.
ഒരുനാള്‍ പിന്നണി ഗാനരംഗത്തേക്കെത്തണം. ആഗ്രഹങ്ങള്‍ അവസാനിച്ചിട്ടില്ല.
അതുതന്നെയാണ് ഒരു കലാകാരിയുടെ ഏറ്റവും വലിയ കരുത്തും.

സംഗീതലോകത്ത് അവസരങ്ങള്‍ എപ്പോള്‍, എവിടെ നിന്നാണ് വരികയെന്ന് പ്രവചിക്കാനാവില്ല. പക്ഷേ അവസരം വാതില്‍തട്ടുമ്പോള്‍ അതിനെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് പ്രധാനം.

സിതാര ആ തയ്യാറെടുപ്പിന്റെ വഴിയിലാണ്.പാട്ട് തുടരട്ടെ...

പട്ടാമ്പിയിലെ ഒരു ബാലവാടിയില്‍ ടീച്ചര്‍ തിരിച്ചറിഞ്ഞ കുഞ്ഞുശബ്ദം ഇന്ന് ദോഹയിലെ സംഗീതവേദികളില്‍ മുഴങ്ങുകയാണ്.
ഇതിനിടയില്‍ വര്‍ഷങ്ങള്‍ കടന്നുപോയി. രാജ്യം മാറി. ജീവിതസാഹചര്യങ്ങള്‍ മാറി. ഉത്തരവാദിത്തങ്ങള്‍ വര്‍ധിച്ചു.
എന്നാല്‍ ഒരു കാര്യം മാത്രം മാറിയില്ല. പാട്ടിനോടുള്ള സ്‌നേഹം.

അതുകൊണ്ടുതന്നെ സിതാര ഷാഫിയുടെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു.

ഓരോ വേദിയും അടുത്ത വേദിയിലേക്കുള്ള ചവിട്ടുപടിയാകട്ടെ. ഓരോ ഗാനവും പുതിയ ശ്രോതാക്കളിലേക്കുള്ള വഴിതുറക്കട്ടെ. ഒരുനാള്‍ അവള്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്ന പിന്നണി ഗാനമെന്ന സ്വപ്നവും യാഥാര്‍ഥ്യമാകട്ടെ.

സ്വരത്തില്‍ ആത്മവിശ്വാസവും മനസ്സില്‍ വലിയൊരു സ്വപ്നവുമായി ഖത്തറിലെ സംഗീതവേദികളില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് മുന്നേറുന്ന സിതാര ഷാഫിക്ക് എല്ലാവിധ ആശംസകളും നേരുന്നു.

13/08/2026

തലമുറകള്‍ പാടിയ ജാനകി ഗീതങ്ങള്‍; സംഗീതരാവ് സംഘടിപ്പിച്ച് പ്രവാസി വെല്‍ഫെയര്‍.

ഇസ്തിഥ്മാര്‍ ഹോള്‍ഡിംഗിന്റെ  അറ്റാദായത്തില്‍ 21% വര്‍ദ്ധനവ് 2026 ന്റെ ആദ്യ പാദത്തില്‍ ഇസ്തിഥ്മാര്‍ ഹോള്‍ഡിംഗിന്റെ  അറ്റാ...
13/08/2026

ഇസ്തിഥ്മാര്‍ ഹോള്‍ഡിംഗിന്റെ അറ്റാദായത്തില്‍ 21% വര്‍ദ്ധനവ്
2026 ന്റെ ആദ്യ പാദത്തില്‍ ഇസ്തിഥ്മാര്‍ ഹോള്‍ഡിംഗിന്റെ അറ്റാദായത്തില്‍ 21% വര്‍ദ്ധനവ്.
പ്രാദേശിക, അന്തര്‍ദേശീയ പ്രവര്‍ത്തനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന സംഭാവനയാണ് ശക്തമായ പ്രകടനത്തെ പിന്തുണച്ചത്

പ്രവാസി വെല്‍ഫയര്‍ സംഘടിപ്പിക്കുന്ന സൗജന്യ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ഇന്ന് പ്രവാസികള്‍ക്കായി നോര്‍ക്ക ക്ഷേമ പദ്ധതികളുമായി...
13/08/2026

പ്രവാസി വെല്‍ഫയര്‍ സംഘടിപ്പിക്കുന്ന സൗജന്യ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ഇന്ന്
പ്രവാസികള്‍ക്കായി നോര്‍ക്ക ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുന്നതിനായി പ്രവാസി വെല്‍ഫെയര്‍ പ്രത്യേക ഹെല്‍പ് ഡെസ്‌ക് ഒരുക്കുന്നു.
ഇന്ന് വൈകുന്നേരം 7.30 മുതല്‍ 9.30 വരെ നുഐജ, പ്രവാസി വെല്‍ഫയര്‍ ഓഫീസിലാണ് ഹെല്‍പ് ഡെസ്‌ക്

ഐസിസിആര്‍ സംഘടിപ്പിച്ച ഗോണ്ട് കലയെക്കുറിച്ചുള്ള ഡിജിറ്റല്‍ വര്‍ക്ക്ഷോപ്പ് ശ്രദ്ധേയമായി ദോഹയിലെ ഐസിസിയില്‍ നടന്ന 80-ാമത് ...
13/08/2026

ഐസിസിആര്‍ സംഘടിപ്പിച്ച ഗോണ്ട് കലയെക്കുറിച്ചുള്ള ഡിജിറ്റല്‍ വര്‍ക്ക്ഷോപ്പ് ശ്രദ്ധേയമായി

ദോഹയിലെ ഐസിസിയില്‍ നടന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചത്.
നിരവധി പേരാണ് പരിപാടിയുടെ ഭാഗമായത്.

ഖത്തറില്‍  ഹോം ബിസിനസ് ലൈസന്‍സിംഗ് ഫീ  കുത്തനെ വെട്ടിക്കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം . ഒരു കുടുംബത്തിന് സ്വന്തം വില...
13/08/2026

ഖത്തറില്‍ ഹോം ബിസിനസ് ലൈസന്‍സിംഗ് ഫീ കുത്തനെ വെട്ടിക്കുറച്ച് വാണിജ്യ വ്യവസായ മന്ത്രാലയം . ഒരു കുടുംബത്തിന് സ്വന്തം വിലാസത്തില്‍ നിന്ന് നിയമപരമായി നടത്താവുന്ന പ്രവര്‍ത്തനങ്ങളുടെ പട്ടിക 15 ല്‍ നിന്ന് 63 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡേറ്റ് റോസ്റ്റിംഗ്, ജ്വല്ലറി ഡിസൈന്‍ മുതല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്, വെബ്സൈറ്റ് ഡിസൈന്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

2026 ലെ ആഗോള ടെലികോം ആരോഗ്യ സൂചികയില്‍ ഖത്തര്‍ മുന്നില്‍ കിയേര്‍ണിയുടെ 2026 ലെ ഗ്ലോബല്‍ ടെലികോം ഹെല്‍ത്ത് ഇന്‍ഡക്‌സ് പ്ര...
13/08/2026

2026 ലെ ആഗോള ടെലികോം ആരോഗ്യ സൂചികയില്‍ ഖത്തര്‍ മുന്നില്‍

കിയേര്‍ണിയുടെ 2026 ലെ ഗ്ലോബല്‍ ടെലികോം ഹെല്‍ത്ത് ഇന്‍ഡക്‌സ് പ്രകാരം, ഉപഭോക്തൃ സംതൃപ്തിയുടെ കാര്യത്തില്‍ ഖത്തര്‍ ഒന്നാം സ്ഥാനത്തും, ടെലികോം ആരോഗ്യ മേഖലയില്‍ ലോകത്തിലെ മുന്‍നിര വിപണികളില്‍ ഒന്നിലും ഇടം നേടി.

അതിവേഗ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, നെറ്റ്വര്‍ക്ക് കവറേജ്, സേവന നിലവാരം എന്നിവയുടെ ശക്തി പ്രതിഫലിപ്പിക്കുന്ന സാങ്കേതികവിദ്യ വിന്യാസത്തിനുള്ള മികച്ച അഞ്ച് വിപണികളില്‍ ഒന്നിലും രാജ്യം ഇടം നേടി.

സാമ്പത്തിക പ്രകടനം, വാണിജ്യ ശേഷി, സാങ്കേതിക വിന്യാസം, ബിസിനസ് പരിസ്ഥിതി, ഉപഭോക്തൃ വികാരം എന്നീ അഞ്ച് മാനങ്ങളിലായി 34 വിപണികളെ സൂചിക വിലയിരുത്തി. കിയേര്‍ണിയുടെ ഡാറ്റ, ഉപഭോക്തൃ ഗവേഷണം, മൂന്നാം കക്ഷി ഉറവിടങ്ങള്‍ എന്നിവയില്‍ നിന്ന് എടുത്ത 20 മെട്രിക്കുകള്‍ അടിസ്ഥാനമാക്കിയാണ് മൊത്തത്തിലുള്ള റാങ്കിംഗ്.

പ്രൊഫ. ജോണ്‍ എല്‍. എസ്‌പോസിറ്റോ അനുസ്മരണം സംഘടിപ്പിച്ചു ദോഹ : സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണി (സി.ഐ.സി) റയ്യാന്‍ സോണ...
13/08/2026

പ്രൊഫ. ജോണ്‍ എല്‍. എസ്‌പോസിറ്റോ അനുസ്മരണം സംഘടിപ്പിച്ചു

ദോഹ : സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണി (സി.ഐ.സി) റയ്യാന്‍ സോണിന്റെ ആഭിമുഖ്യത്തില്‍ ഈയിടെ വിടപറഞ്ഞ പ്രശസ്ത പണ്ഡിതന്‍ ജോണ്‍ എല്‍. എസ്‌പോസിറ്റോയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

പാശ്ചാത്യ ലോകവുമായി ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ബന്ധങ്ങള്‍ സംബന്ധിച്ച പഠനങ്ങളില്‍ മഹത്തായ പൈതൃകം ലോകത്തിനായി ബാക്കിവെച്ചാണ് പ്രഫ. ജോണ്‍ എല്‍. എസ്‌പോസിറ്റോ വിടപറഞ്ഞത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ അബ്ദുല്‍ ഹമീദ് എടവണ്ണ അഭിപ്രായപ്പെട്ടു.

റയ്യാന്‍ സോണല്‍ പ്രസിഡന്റ് സുബുല്‍ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
എസ്‌പോസിറ്റോയുടെ വേര്‍പാട് അക്കാദമിക ലോകത്തിന്റെ മാത്രം നഷ്ടമല്ല; സത്യം, സംവാദം, പരസ്പര ധാരണ എന്നിവക്കൊക്കെ മൂല്യം കല്‍പിക്കുന്ന ഏവരുടെയും നഷ്ടമാണ്, അദ്ദേഹം അനുസ്മരിച്ചു.

പാശ്ചാത്യ വായനക്കാര്‍ക്കായി നിഷ്പക്ഷത, സന്തുലിതത്വം, ബൗദ്ധിക സത്യസന്ധത എന്നിവ സമം ചേര്‍ത്ത് ഇസ്‌ലാമിനെ പരിചയപ്പെടുത്തിയ പണ്ഡിതര്‍ ഏറെയൊന്നുമുണ്ടാകില്ല. അവിശ്വാസവും തെറ്റിദ്ധാരണകളും വര്‍ധിച്ചുവരുന്ന കാലത്ത് മതം, രാഷ്ട്രീയം, സഹവര്‍ത്തിത്വം എന്നിവയെ കുറിച്ച പൊള്ളുന്ന ആശയവിനിമയങ്ങളില്‍ സൗഹാര്‍ദത്തിന്റെ പാലം പണിത വിശ്വസ്ത ശബ്ദമായിരുന്നു അദ്ദേഹം. പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 1988 ല്‍ ജമാഅത്തെ ഇസ്ലാമി ഹിറാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തതായും അനുസ്മരിക്കപ്പെട്ടു.

അബ്ദുല്‍ വാഹദ്, അനീസ് കൊടിഞ്ഞി, എന്നിവര്‍ സംസാരിച്ചു. എ.ടി. അബ്ദുല്‍ സലാം സ്വാഗതവും, മുഹമ്മദ് റഫീഖ് തങ്ങള്‍ നന്ദിയും പറഞ്ഞു

ഗായിക സിതാര ഷാഫിക്ക് ‘ഈസക്ക എന്ന വിസ്മയം’ സമ്മാനിച്ചുഗായിക സിതാര ഷാഫിയും ഭർത്താവ് ഷാഫിയും ഇന്ന് ഓഫീസിലെത്തിയത് ഏറെ സന്തോ...
12/08/2026

ഗായിക സിതാര ഷാഫിക്ക് ‘ഈസക്ക എന്ന വിസ്മയം’ സമ്മാനിച്ചു

ഗായിക സിതാര ഷാഫിയും ഭർത്താവ് ഷാഫിയും ഇന്ന് ഓഫീസിലെത്തിയത് ഏറെ സന്തോഷം നൽകി.

അടുത്തിടെ നടന്ന ‘ഷാമെ മെഹ്ഫിൽ’ സംഗീതവിരുന്നിൽ സിതാരയുടെ ഉജ്വലമായ പ്രകടനം ശ്രദ്ധിച്ചിരുന്നു. സംഗീതത്തോടുള്ള ആത്മാർഥതയും ആലാപനത്തിലെ മികവും ഏറെ ആകർഷിച്ചതിനെ തുടർന്ന് ഇന്റർനാഷണൽ മലയാളിക്കായി ഒരു പ്രത്യേക അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ ക്ഷണം സ്വീകരിച്ചാണ് ഇരുവരും ഇന്ന് ഓഫീസിലെത്തിയത്.

ചെറുപ്പം മുതലേ പാട്ടിനെ ഹൃദയത്തോട് ചേർത്തുപിടിച്ച സിതാരയുടെ സംഗീതയാത്ര ഏറെ ആവേശകരമാണ്. സംഗീതത്തോടുള്ള അഭിനിവേശവും നിരന്തരമായ പരിശ്രമവും അനുഭവങ്ങളും പങ്കുവെക്കുന്ന അഭിമുഖം വരും ദിവസങ്ങളിൽ ഇന്റർനാഷണൽ മലയാളിയിൽ വായിക്കാം.

സിതാരയുടെ സംഗീതസ്വപ്നങ്ങൾക്ക് ശക്തമായ പിന്തുണയുമായി കൂടെയുള്ള ഭർത്താവ് ഷാഫി ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നു. സംഗീതവും കുടുംബജീവിതവും പരസ്പരം കരുത്താകുന്ന അവരുടെ യാത്രയും ഏറെ ഹൃദ്യമാണ്.

സ്നേഹസന്ദർശനത്തിന്റെ ഓർമയായി എന്റെ ‘ഈസക്ക എന്ന വിസ്മയം’ എന്ന പുസ്തകം സമ്മാനിച്ചാണ് ഇരുവരെയും യാത്രയാക്കിയത്.

സിതാര ഷാഫിയുടെ സംഗീതയാത്ര ഇനിയും ഉയരങ്ങളിലെത്തട്ടെ. കൂടുതൽ വേദികളും അംഗീകാരങ്ങളും മനോഹരമായ ഗാനങ്ങളും അവരുടെ വഴിയിൽ വിരിയട്ടെയെന്ന് ഹൃദയം നിറഞ്ഞ ആശംസകൾ

Address

Salwa Road
Doha
23143

Alerts

Be the first to know and let us send you an email when Internationalmalayalynews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Internationalmalayalynews:

Shortcuts

Share