13/04/2024
സൗദി അറേബ്യയിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന അബ്ദുൽ റഹീമിൻ്റെ ദയനീയാവസ്ഥ പുറംലോകത്തെ ആദ്യമായി അറിയിച്ചത് നടൻ ടൊവിനോ തോമസ് ആണ്.
ടൊവിനോ ഒരു നിരീശ്വരവാദിയാണ്. അക്കാര്യം അദ്ദേഹം പലതവണ വെളിപ്പെടുത്തിയിട്ടുമുണ്ട്. പ്രളയത്തിൻ്റെ സമയത്ത് നാടിനുവേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയപ്പോൾ ടൊവിനോ പറഞ്ഞിരുന്നു-
''ഞങ്ങൾക്ക് ഒരേയൊരു മതമേയുള്ളൂ. അതിൻ്റെ പേര് മനുഷ്യത്വം എന്നാണ്...''
അത്തരമൊരു നിലപാടുതറയിൽ നിൽക്കുന്ന ടൊവിനോ അബ്ദുൽ റഹീമിനുവേണ്ടി ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടതിൽ ഒട്ടുംതന്നെ അത്ഭുതമില്ലായിരുന്നു.
അതിനുശേഷം ബോബി ചെമ്മണ്ണൂർ എന്ന വ്യവസായി റഹീമിനുവേണ്ടി മുന്നിട്ടിറങ്ങി. ഒരു മനുഷ്യജീവൻ രക്ഷിക്കുന്നതിനുവേണ്ടി ബോബി കേരളത്തിൽ മുഴുവനും അലഞ്ഞുനടന്നു.
ബോബി ചെമ്മണ്ണൂർ ഒരു ദൈവവിശ്വാസിയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ഈശ്വരവിശ്വാസം എന്നത് അപരമതവിദ്വേഷമല്ല എന്ന കാര്യം തിരിച്ചറിയാനുള്ള ശേഷി ബോബിയ്ക്ക് ഉണ്ടായിരുന്നു.
റഹീമിനുവേണ്ടി 34 കോടി രൂപയാണ് മലയാളികൾ സമാഹരിച്ചത്. ഹിന്ദുക്കളും മുസ്ലീങ്ങളും ക്രൈസ്തവരും ആ വലിയ തുകയിലേയ്ക്ക് സംഭാവന ചെയ്തിട്ടുണ്ടാവില്ലേ? ആ മഹാപ്രയത്നത്തോട് മതമില്ലാത്ത ആളുകളും സഹകരിച്ചിട്ടുണ്ടാവില്ലേ?
ഇതാണ് കേരളത്തിൻ്റെ സവിശേഷത. ഇവിടെ ഏറ്റവും വലുത് മനുഷ്യത്വമാണ്. അതുപോലൊരു മണ്ണിൽ വെറുപ്പിൻ്റെ കൊടി ഉയർത്താൻ ശ്രമിക്കുന്നവർ എത്ര വലിയ വിഡ്ഢികളായിരിക്കും!
കേരളത്തെ തകർക്കുന്നതിന് വേണ്ടി സൃഷ്ടിച്ച 'കേരള സ്റ്റോറി' എന്ന തല്ലിപ്പൊളി സിനിമ പ്രദർശിപ്പിക്കാൻ ചില ക്രിസ്ത്യൻ രൂപതകൾ മുൻകൈ എടുത്തിരുന്നു. എന്നിട്ട് എന്താണ് സംഭവിച്ചത്?
കേരള സ്റ്റോറിയ്ക്കെതിരെ ക്രൈസ്തവ പുരോഹിതർ തന്നെ മുന്നോട്ടുവന്നു. പല രൂപതകളും മണിപ്പൂർ സ്റ്റോറി പ്രദർശിപ്പിച്ചു. അത്രയുമാണ് ഈ നാടിൻ്റെ കരുത്ത്!
ബക്രീദിൻ്റെ ബിരിയാണിയും ക്രിസ്മസിൻ്റെ ബീഫും വിഷുവിൻ്റെ സദ്യയും പരസ്പരം പങ്കുവെച്ച് കഴിക്കുന്ന മനുഷ്യരുടെ നാട്. ക്ഷേത്രവും പള്ളിയും ഒരേ പറമ്പിൽ സ്ഥിതി ചെയ്യുന്ന ഇടം. അതാണ് കേരളം!
അബ്ദുൽ റഹീമിൻ്റെ മോചനവാർത്ത കാവിപ്പടയ്ക്ക് അത്ര രുചിച്ചിട്ടില്ല. ഇത് മുസ്ലീം പ്രീണനമാണെന്നാണ് അവരുടെ കണ്ടെത്തൽ! സോഷ്യൽ മീഡിയയിലെ മിത്രങ്ങളുടെ കമൻ്റുകളിൽ വല്ലാത്ത അസഹിഷ്ണുത നിറഞ്ഞുനിൽക്കുന്നുണ്ട്.
നിങ്ങൾ എത്ര വെറുപ്പ് വിതച്ചാലും പ്രയോജനമില്ല മിത്രങ്ങളേ. ഈ നാട് അതിൽ നിന്ന് സ്നേഹം കൊയ്തെടുക്കും...!
PLEASE FOLLOW -DAY 2 DAY