04/04/2021
Hội An Ancient Town Japanese Bridge UNESCO World Heritage Site | Vietnam | Travel vlog with Eng sub
https://youtu.be/W-UskQVoSe0
കഴിഞ്ഞ പ്രാവശ്യം ഹൊയ് ആൻ ആൻഷ്യന്റ ടൗണിലെ ചൈനീസ് അസംബ്ലി ഹാളുകളാണ് കണ്ടതെങ്കിൽ ഇന്ന് നമ്മൾ പോകുന്നത് Museum of Folk Culture, പുരാതനമായ ട്രഡീഷണൽ ഹൗസുകൾ, ജാപ്പനീസ് ബ്രിഡ്ജ്, കമ്മ്യൂണൽ ഹൗസുകൾ എന്നിവിടങ്ങളിലേക്കാണ്. ആദ്യം തന്നെ Museum of Folk Culture ലേക്കു. സിൽക്ക് നിർമ്മാണം, മത്സ്യബന്ധനം, കൃഷി തുടങ്ങിയ പരമ്പരാഗത വിയറ്റ്നാമീസ് ജീവിത രീതികളെക്കുറിച്ച് മനസിലാക്കാൻ പറ്റുന്ന സൗജന്യ എക്സിബിഷൻ ഉള്ള മ്യൂസിയമാണ് Museum of Folk Culture. ഹൊയ് ആനിന്റെ പ്രതാപ കാലത്തു ഉപയോഗിച്ചിരുന്ന മുളയിലുണ്ടാക്കിയ വഞ്ചികൾ, അക്കാലത്തെ പാത്രങ്ങൾ, വസ്ത്രങ്ങൾ എല്ലാം ഇവിടെ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. മീൻപിടുത്ത ഉപകരണങ്ങൾക്കു നമ്മുടെ നാട്ടിലേതിനോട് നല്ല സാമ്യമുണ്ട്. ഒറ്റാൽ, കലപ്പ, നെല്ലു മെതിയന്ത്രം, പാടത്തെ വെള്ളം കോരികളയാനുള്ള ഉപകരണം അതുപോലെ നാട്ടിൽ പണ്ടുകാലത്ത് സർവസാധാരണമായി കണ്ടുവന്നിരുന്ന വീട്ടുപകരണങ്ങൾ എല്ലാം ഇവിടെയും കാണാം. നാട്ടിലും ഇങ്ങനെയുള്ള മ്യൂസിയമൊക്കെ ഉണ്ടാക്കി പഴയകാല ഉപകരണങ്ങൾ സൂക്ഷിച്ചാൽ ഇനി വരുന്ന തലമുറയ്ക്ക് അതൊക്കെ കണ്ടു മനസ്സിലാക്കാൻ സഹായിക്കും. പഴയൊരു ട്രഡീഷണൽ ഹൌസ് ആയിരുന്ന ഈ മ്യൂസിയത്തിനും നാലുകെട്ടുമായി നല്ല സാമ്യമുണ്ട്.
മ്യൂസിയത്തിൽ നിന്നിറങ്ങി തു ബോൺ നദിക്കരയിലൂടെ തൻ കി മർച്ചന്റ് ഹൗസിലേക്ക്. തൻ കി ഹൗസിനകത്തേക്കു കയറാൻ ഒരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു. വീടിനകത്തും നല്ല തിരക്കാണ്. തു ബോൺ നദികരയിൽ പതിനെട്ടാം നൂറ്റാണ്ടിൽ പണിത വ്യാപാരസ്ഥാപനത്തോട് കൂടിയ ഒരു പഴയ വീടാണ് തൻ കീ ഹൗസ്. ജാപ്പനീസ് ചൈനീസ് വിയറ്റ്നാമീസ് വാസ്തുവിദ്യകൾ സമന്വയിപ്പിച്ചാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ കരകൌശല വസ്തുക്കളും ചരക്കുകപ്പലുകളുടെ മോഡലുകളും പ്രദർശിപ്പിച്ചിരിക്കുന്നു. ഇവിടെയുള്ള കരകൌശല വസ്തുക്കളിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് കൺഫ്യൂഷ്യസ് ബൗൾ. ഇത് കൺഫ്യൂഷ്യസിന്റെ കയ്യിലുണ്ടായിരുന്ന പുരാതനമായൊരു ബൗൾ ആണെന്ന് കരുതപ്പെടുന്നു. മനുഷ്യരെ അതിരുകടന്ന പ്രവർത്തനങ്ങളിൽ നിന്നും പെരുമാറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും, നിഷ്പക്ഷ നിലയിലായിരിക്കാനുമാണ് ഈ സെറാമിക് ബൗൾ കൊണ്ട് ഉദ്ദേശിക്കുന്നത്. മുറികളുടെ ചുമരുകളിൽ മനോഹരമായ കൊത്തുപണികൾ കാണാം. മേൽക്കൂരയുടെ പുറം ഭാഗം ടൈലുകൾ കൊണ്ടും അകത്തെ സീലിംങ് മരം കൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്. ഈ രൂപകൽപ്പന കാരണം വീടിനകത്ത് വേനൽക്കാലത്ത് തണുപ്പും ശൈത്യകാലത്ത് ചൂടും നിലനിർത്തുന്നു. ഈ വീടിനു ജനലുകളൊന്നുമില്ലെങ്കിലും മുൻപിലും പിറകിലും വാതിലുകളും നടുമുറ്റവും ഉള്ളത് കാരണം വെന്റിലെഷൻ പ്രശ്നങ്ങളൊന്നുമില്ല. ഒരുപാടു സഞ്ചാരികൾ വരുന്ന മനോഹരമായ ഈ വീട് ഹൊയ് ആനിൽ നന്നായി സംരക്ഷിക്കപ്പെടുന്ന ട്രഡീഷണൽ ഹൗസുകൾക്കു ഉദാഹരണമാണ്.
ജാപ്പനീസ് പാലത്തിന്റെ കൃത്യമായ പ്രായം ആർക്കും അറിയില്ല, പക്ഷേ ഇത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എദോ ഷോഗുണെറ്റിന്റെ ആദ്യ വർഷങ്ങളിൽ നിർമ്മിച്ചതാകുമെന്നു കരുതപ്പെടുന്നു. പഗോഡ ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന ഈ പാലം നിർമ്മിച്ചത് ഹൊയ് ആനിൽ അക്കാലത്ത് സജീവമായിരുന്ന ജാപ്പനീസ് വ്യാപാരികളുടെ ഒരു വലിയ കൂട്ടായ്മയുടെ ഭാഗമായിരുന്ന ജാപ്പനീസ് കരകൌശല വിദഗ്ധരാണ്.1600 കളുടെ തുടക്കത്തിൽ പ്രാദേശിക ങ്ങുയെൻ പ്രഭുക്കളുമായിയുള്ള ഉടമ്പടിയെത്തുടർന്ന് ധാരാളം ജാപ്പനീസ് ഹൊയ് ആനിൽ താമസമാക്കി. അക്കാലത്ത് അവികസിതമായിരുന്ന ഹൊയ് ആനെ ഒരു മികച്ച വ്യാപാര കേന്ദ്രമാക്കി മാറ്റാൻ ജപ്പാനീസ് വിഭാവനം ചെയ്തു. വ്യാപാരികൾക്ക് പാർപ്പിടത്തോടൊപ്പം തെരുവുകളും പഗോഡകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കാൻ ങ്ങുയെൻ പ്രഭുക്കന്മാർ ജപ്പാനീസിനെ അനുവദിച്ചു. ആ കാലഘട്ടത്തിൽ നിന്ന് ഇപ്പോഴും നിലനിൽക്കുന്ന വാസ്തുവിദ്യാ നിധികളിൽ ഒന്നായ ഈ പാലം ഒരു ക്ഷേത്രം കൂടിയാണ്,നിരവധി ദേവതകളുടെ ആരാധനാലയങ്ങൾ ഇതിനകത്തുണ്ട്. പാലത്തിനു മുകളിൽ ഇങ്ങനെയൊരു ക്ഷേത്രം നിർമ്മിച്ചതിനൊരു കാരണമുണ്ട്. ലോകമെമ്പാടുമായി വ്യാപിച്ചു കിടക്കുന്ന നമാസു രാക്ഷസനെ കീഴ്‌പ്പെടുത്തുന്നതിനായാണ് ഇത് നിർമ്മിച്ചത്, അതിന്റെ തല ഇന്ത്യയിലും വാൽ ജപ്പാനിലുമാണെന്നും, വാലിന്റെ ചലനം ജപ്പാനിൽ ഭൂകമ്പത്തിന് കാരണമാകുമെന്നാണ് വിശ്വാസം. വിയറ്റ്നാം നമാസുവിന്റെ പുറകുവശത്ത് സ്ഥിതിചെയ്യുന്നതിനാൽ ഭൂകമ്പങ്ങൾ ഉണ്ടാകാതിരിക്കാൻ നമാസുവിനെ താഴേക്ക് വലിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ പാലം.
ഹൊയ് ആൻ ആൻഷ്യന്റ ടൗണിന്റെ പടിഞ്ഞാറെ അറ്റത്താണ് ഡിൻ കം ഫോ കമ്മ്യൂണൽ ഹൗസ് സ്ഥിതി ചെയ്യുന്നത്. ഗ്രാമദേവന്റെ ആരാധനാലയമായിട്ടാണ് ഡിൻ കം ഫോ കമ്യൂണൽ ഹൗസ് നിർമ്മിച്ചത്, പിന്നീട് കാം ഫോ വില്ലേജ് പൂർവ്വികരുടെ ആരാധനയും ഉൾപ്പെടുത്തി - അതിനാൽ കാം ഫോ വില്ലേജിന്റെ പൂർവ്വികർ എന്നും ഈ കമ്മ്യൂണൽ ഹൌസ് അറിയപ്പെടുന്നു. സാമുദായിക ഒത്തുചേരൽ സ്ഥലമായും ആരാധനാലയമായും ഇന്നും ഇത് ഉപയോഗിക്കുന്നു. ഈ കമ്മ്യൂണൽ ഹൗസ് എപ്പോഴാണ് നിർമിച്ചത് എന്നതിനു രേഖകളൊന്നുമില്ല, പക്ഷെ 1817 ലാണ് ഇവിടെ അവസാനമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നത്. രാജ്യം എന്നർഥമുള്ള ചൈനീസ് കാരക്ടറിന്റെ ആകൃതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ മേൽക്കൂരയും അലങ്കാരങ്ങളുമെല്ലാം ചൈനീസ് സ്റ്റൈലിലാണ്.
ഗ്വാൻ ഗോങിനെ ആരാധിക്കാനായി 1653 ൽ നിർമിച്ച ക്ഷേത്രമാണ് ഓങ് പഗോഡ എന്നറിയപ്പെടുന്ന ഗ്വാൻ ഗോങ് ക്ഷേത്രം. ത്രീ കിങ്ഡം കാലഘട്ടത്തിലെ ചൈനയിലെ പ്രശസ്തനായ മിലിറ്ററി ജനറൽ ആയിരുന്നു ഗ്വാൻ ഗോങ്. ഗ്വാൻ ഗോങിന്റെ ഇരു വശത്തുമായി അദ്ദേഹം യുദ്ധത്തിന് പോകുമ്പോൾ ഉപയോഗിച്ചിരുന്നുവെന്നു കരുതപ്പെടുന്ന വെള്ളക്കുതിരയും ബ്രൗൺ കുതിരയും കൂടാതെ ചോ സാങ്ങും ഗ്വാൻ ഗോങിന്റെ മൂത്തമകൻ ആയ ഗ്വാൻ ബിങിന്റെയും പ്രതിഷ്ഠകളുണ്ട്. മഞ്ചൂരിയൻ വംശജരുടെ നേതൃത്വത്തിലുള്ള ചിങ് രാജവംശം മിങ് രാജവംശത്തെ കീഴ്‌പ്പെടുത്തി ചൈന ഭരിക്കാൻ തുടങ്ങിയപ്പോൾ ചൈനീസ് അല്ലാത്ത ഒരു രാജവംശത്തിന്റെ കീഴിൽ നില്ക്കാൻ ഇഷ്ടപ്പെടാത്ത ഒരുകൂട്ടം ആളുകൾ ചൈനയിൽ നിന്ന് വിയറ്റ്നാമിലേക്കു പലായനം ചെയ്തു. അങ്ങനെയുള്ളവർ ചേർന്ന് അവരുടെ കമ്മ്യൂണിറ്റിക്കായി മിങ് രാജവംശത്തിന്റെ പേരിൽ നിർമിച്ച കമ്മ്യൂണൽ ഹൌസ് ആണ് മിങ് ഹോങ് കമ്മ്യൂണൽ ഹൌസ്. കാഴ്ചകളെല്ലാം കണ്ടു സൂര്യസ്തമയം കാണാൻ തു ബോൺ നദിതീരത്ത് എത്തിയപ്പോഴേക്കും സൂര്യൻ ഏതാണ്ടസ്തമിച്ചിരുന്നു.
Hội An Ancient Town, the city's historic district, is recognized as an exceptionally well-preserved example of a Southeast Asian trading port dating from the...